Friday 1 February 2013

ഒരുയാത്രക്ക് മുന്‍പ്



പടിയിറങ്ങുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞു. രവി സമ്മാനിച്ച കറുത്ത കണ്ണട ഒരു മറയായി. ഉമ്മയും സഹോദരിമാരും എന്‍റെ കലങ്ങിയ കണ്ണുകള്‍ കണ്ടുകാണില്ല. പാടു പെട്ടു വരുത്തിയ വിളറിയ ചിരിയുമായി അവരോട് യാത്ര പറഞ്ഞു.


“സൂക്ഷിക്കണേ മോനെ” ഉമ്മയുടെ കണ്ഠം ഇടറി. “എന്‍റെ റബ്ബേ, എന്‍റെ മോനെ കാക്കണേ!” ഉമ്മയുടെ പ്രാര്‍ത്ഥന നേര്‍ത്ത രോദനമായി പിന്നിലലിഞ്ഞു. ഇടവഴിയില്‍ നിന്ന് പ്രധാന നിരത്തിലേക്ക് കടക്കുന്നതിന് മുമ്പ് അവസാനമായി ഞാനൊന്ന് തിരിഞ്ഞു നോക്കി. പടിക്ക് പുറത്ത്  തളര്‍ന്ന്‍ നില്‍ക്കുന്ന ഉമ്മയും സഹോദരിമാരും. ഞാന്‍ കയ്യുയര്‍ത്തി നിശബ്ദമായി യാത്ര പറഞ്ഞു. ജോലികിട്ടിപോകുന്നുവെന്നറിഞ്ഞപ്പോള്‍ സഹോദരിമാരുടെ കണ്ണുകളില്‍ മിന്നി മറഞ്ഞ പ്രതീക്ഷയുടെ തിളക്കം മനസ്സിലോര്‍ത്ത് ഞാന്‍ വേഗം മുന്നോട്ടു നീങ്ങി.

“മാഷേ ഒന്നു നില്‍ക്കണേ”  പിന്നില്‍ ജോസഫ്‌. നേര്‍ത്ത കാലുകള്‍ നീട്ടി വെച്ച് ജോസഫ്‌ ഒപ്പമെത്തി. “ഞാനല്‍പ്പം താമസിച്ചു പോയി മാഷെ”. എന്‍റെ തോളില്‍ കിടക്കുന്ന ലെതര്‍ ബാഗിലെക്ക് നോക്കി, “ കൊണ്ട് പോകാന്‍ വേറെ സാധനങ്ങളൊന്നുമില്ലേ മാഷേ” ജോസഫ്‌ മറുപടിക്ക് വേണ്ടി കാത്തു. പഴയ രണ്ടു ജോഡി വസ്ത്രങ്ങള്‍ക്കും, മുഷിഞ്ഞ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഈ ബാഗ് തന്നെ അധികമാണ് എന്ന് പറയുവാനാണ് തോന്നിയത്. പക്ഷെ   ഞാനതൊരു ചിരിയിലൊതുക്കി.

“മാഷവിടെ എത്തിക്കഴിഞ്ഞാല്‍ എനിക്ക് കത്തയക്കണം”. വലിയ ആവേശത്തോടെയാണവനത് പറഞ്ഞതെങ്കിലും പെട്ടെന്ന്‍ ആ മുഖം മങ്ങി. “അല്ലെങ്കില്‍ വേണ്ട മാഷേ, കത്തയക്കുവാന്‍ എനിക്ക് അഡ്രെസ്സ് ഇല്ലല്ലോ”. കുറേ നേരത്തേക്ക് ഞങ്ങള്‍ രണ്ട്പേരും ഒന്നും സംസാരിച്ചില്ല. ജോസഫ്‌ അവന്‍റെ പതിവുള്ള മൌനത്തിലാണ്ടു. അവന്‍ അധികം സംസാരിക്കാറില്ല. ഇടക്ക് രാത്രിയുടെ മൌനത്തെ കീറിമുറിച്ച് കായലില്‍ നിന്നും വരുന്ന തണുത്ത കാറ്റിനോടൊപ്പം ജോസഫിന്‍റെ ചിരിയുടെ അലകളുണ്ടാവും. കഞ്ചാവിന്റെ ഗന്ധമുണ്ടാവും. ചില സന്ധ്യകളില്‍ കായല്‍ക്കരയില്‍ വെറുതെ ഇരിക്കുമ്പോള്‍ ജോസെഫും കൂടും. മുഷിഞ്ഞ മുണ്ടിന്‍റെ മടിയില്‍ കരുതിയിരിക്കുന്ന തടിച്ച ബീഡിക്ക് തീ കൊളുത്തി ആഞ്ഞു വലിക്കും. അസ്ഥി ഉരുകുന്ന ഗന്ധം പരത്തി നീലപ്പുകചുരുളുകള്‍ സന്ധ്യയുടെ ചുകപ്പിലേക്ക് ഊതി വിട്ടു ജോസഫ്‌ പൊട്ടി ച്ചിരിക്കും. ജീവിതത്തോടുള്ള അവന്‍റെ പുച്ചം ആ ചിരിയില്‍ ഒളിച്ചിരിപ്പുണ്ടാകും.............. നഗരത്തിലെ ബന്ധുവീട്ടില്‍ പോയി മടങ്ങവേ റെയില്‍ മുറിച്ച് കടക്കുന്നതിനിടയില്‍ പെട്ടെന്നലറിയടുത്ത തീവണ്ടിചക്രങ്ങള്‍ക്കിടയില്‍ കുരുങ്ങിപ്പോയ അമ്മ.........ബോധമനസ്സിന്‍റെ താളം തെറ്റി എവിടെയോ അലഞ്ഞു നടക്കുന്ന അപ്പന്‍.....രാഷ്ട്രീയ പകപോക്കലില്‍ കാലുകള്‍ രണ്ടും നഷ്ടപ്പെട്ട് ഇരുന്നു നിരങ്ങാന്‍ മാത്രം വിധിക്കപ്പെട്ട അനിയന്‍. ജോസെഫിനെങ്ങനെ ജീവിതത്തോട് പുച്ചം തോന്നാതിരിക്കും. അനാഥാലയത്തിന്‍റെ വാതിലുകള്‍ അല്‍ഫോന്‍സ്‌ പാതിരി ജോസെഫിന് മുമ്പില്‍ തുറന്ന് വെച്ചെങ്കിലും ഈ വിഹായസ്സിന്‍റെ സ്വാതന്ത്ര്യം കൂടി നഷ്ടപ്പെടുത്താന്‍ അവന്‍ തയ്യാറായില്ല. നിസ്സഹായനായ പാതിരിയില്‍ നിസ്സഹായനായ ദൈവത്തെയാണ് കണ്ടതെന്ന് അവനോരിക്കല്‍ പറഞ്ഞു.

“മാഷേ, ഞാന്‍ ടിക്കറ്റ്‌ എടുത്തുവരാം” കുറേ നേരമായി ഞങ്ങളൊന്നും സംസാരിക്കാതെ നടക്കുകയയിരുന്നു. നഗരത്തിലേക്കുള്ള ബോട്ട് പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. ബോട്ടിന്‍റെ താളത്തിനനുസരിച്ച് ഞങ്ങള്‍ നടത്തത്തിനു വേഗത കൂട്ടി.

“മാഷ്‌ വലിയ പണക്കാരനായി തിരിച്ചുവരണം” ടിക്കെറ്റ് വെച്ചുനീട്ടിയ ജോസെഫിന്റെ കണ്ണുകളില്‍ നനവ്‌. മുണ്ടിന്‍റെ തലകൊണ്ട് അവന്‍ കണ്ണു തുടച്ചു. ഞാനവന്‍റെ തോളില്‍ത്തട്ടി ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു. ബോട്ട് കരയില്‍നിന്നും അകലുകയാണ്. ജോസെഫും ബോട്ടുജെട്ടിയും അഭയംതന്ന കൊച്ചുദ്വീപും കഴ്ച്ചയില്‍നിന്നും കുറേശ്ശെ മറയുകയാണ്. ദ്വീപിനോട് മൌനമായി യാത്രപറയുമ്പോള്‍ മനസ്സില്‍ ഒരഭയാര്‍ത്തിയുടെ അന്ന്യതാബോധം മാത്രം.


നഗരത്തിലെ വലിയവീടും കച്ചവടവും നഷ്ടത്തിന്‍റെ പട്ടികയിലായപ്പോള്‍  ദ്വീപിലെ മമ്മുഹാജിയുടെ പഴയ കെട്ടിടം അഭയമായി. അടുത്ത വീട്ടില്‍ താമസിക്കുന്ന മമ്മുഹാജി വഴിയില്‍ വല്ലപ്പോഴും കണ്ടുമുട്ടിയാല്‍ വീട്ടിലേക്കു കൊണ്ടുപോയി ചായ കുടിപ്പിച്ചേ പറഞ്ഞയക്കു. അതു വളരെ നിര്‍ബന്ധമാണ്‌. “ആമിനാ, നമ്മുടെ ഹാഷിം കുട്ടി വന്നിട്ടുണ്ട്. നല്ല ഒരു ചായ എടുക്കിന്‍.”. ഹാജിയാരുടെ സുന്ദരിയായ മകള്‍ ആമിന ചായകൊണ്ടുവരുന്നതിനു മുന്‍പുള്ള ഇടവേളയില്‍ ഹാജിയാര്‍ പഴയ കഥകളുടെ കെട്ടഴിക്കും. പറഞ്ഞു പഴകിയ കഥകള്‍ കേള്‍ക്കുമ്പോള്‍ “ ബാപ്പയുടെ ബടായി ഒന്നുനിര്‍ത്തിക്കൂടെ”  എന്നുചോദിച്ചു ആമിന പൊട്ടിച്ചിരിക്കും. കുറച്ചു നാള്മുമ്പു ആ ചിരിയുടെ കിലുക്കം നിലച്ചു. ചാരുകസേരയില്‍ കിടന്നു കഥ പറയുവാന്‍ ഇപ്പോള്‍ ഹാജിയാരുമില്ല. അയല്‍പക്കത്തുള്ള ചെറുപ്പക്കാരനുമായി ആമിന ഇഷ്ട്ടത്തിലായി. ആ പ്രണയത്തിന്റെ ചൂട് വര്‍ഗീയതയുടെ തീ ആളികത്തിച്ചപ്പോള്‍ ദ്വീപിലെ സൗഹൃദവും അതില്‍ വെന്തെരിഞ്ഞു. ഹാജിയാരെ ആരോ വെട്ടിക്കൊന്നു. ആമിനയുടെ തേങ്ങലുകള്‍ വലിയവീടിന്‍റെ കോണിലെവിടെയോ ഒതുങ്ങി.  ദ്വീപിന്‍റെ വെളുത്ത ആകാശത്തിനുമേല്‍ അന്നു വീണ മ്ലാനതയുടെ കരിനിഴല്‍ ഇനിയും മാറിയിട്ടില്ല.
ബോട്ട് വലിയകരയിലേക്ക് അടുക്കുകയാണ്. ഉയര്‍ന്ന കെട്ടിടങ്ങളുടെ നീണ്ട നിര കാണാം. നിരത്തിലൂടെ വാഹനങ്ങളും മനുഷ്യരും ചാലിട്ടോഴുകുകയാണ്. ബോട്ട് ഇറങ്ങി ചെല്ലുന്നിടത്ത് കുറച്ചുമാറി ബാപ്പ നില്‍ക്കുന്നു. വാടിക്കരിഞ്ഞൊരു ചില്ലപോലെ. 
“ഒരു നിവര്‍ത്തി ഉണ്ടായിരുന്നുവെങ്കില്‍ അന്ന്യനാട്ടില്‍ പോയി കഷ്ട്ടപ്പെടാന്‍ നിന്നെ അനുവദിക്കില്ലായിരുന്നു” ചുരുട്ടിപ്പിടിച്ചിരുന്ന കുറച്ചു നോട്ടുകള്‍ എന്‍റെ കയ്യില്‍ വെച്ചുതന്നു. വേണ്ട എന്നുപറയാന്‍ തോന്നിയതാണ്. ഒന്നും മിണ്ടിയില്ല. ഒരു നിധി പോലെ ഞാനത് പോക്കറ്റില്‍ത്തിരുകി. മനസിന്‍റെ നിയന്ത്രണം നഷ്ടപ്പെടുന്നതിനുമുന്പു അതിലെ വന്ന ഓട്ടോയ്ക് കൈ കാണിച്ചു. “അന്ന്യനാട്ടില്‍ ആണെങ്കിലും നീ പിന്തുടര്‍ന്ന വഴി വിട്ടു പോകരുത്.  നിന്നെ ഉപദേശിക്കേണ്ട കാര്യമില്ല.  എങ്കിലും......” കൂടുതല്‍ പറയുവാന്‍ വപ്പയ്ക്കോ കേള്‍ക്കാന്‍ എനിക്കോ ശക്തിഉണ്ടായിരുന്നില്ല. ഡ്രൈവര്‍ക്ക് നിര്‍ദേശം കൊടുത്ത് ഞാന്‍ സീറ്റിലേയ്ക്ക് ചാഞ്ഞിരിന്നു. പിന്നിലെ നരച്ച പ്ലാസ്റ്റിക്‌ ഷീറ്റിലൂടെ ബാപ്പയെ ഒരിക്കല്‍ കൂടി കണ്ടു. ഒരു നേര്‍ത്ത ദുഃഖം പോലെ. 


നഗരത്തിലെ തിരക്കുള്ള വീഥിയിലൂടെ ഓട്ടോ മുന്നോട്ട് കുതിക്കുകയാണ്. രവി ചിലപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കാണും. രണ്ടാഴ്ച മുന്‍പുള്ള ഒരുച്ച നേരത്ത് വെറുതെ നഗരത്തില്‍ അലയുമ്പോള്‍ നേരെ വന്ന സുമുഖനായ ചെറുപ്പക്കാരന്‍ പരിചയത്തില്‍ കൈ കടന്നുപിടിച്ചു. എന്‍റെ അപരിചിതത്വം മാറാന്‍ കുറച്ചു സമയമെടുത്തു. പത്ത് വര്‍ഷത്തോളം എന്‍റെ കൂടെ പഠിച്ച രവിയാണ് അതെന്നു വിശ്വസിക്കാന്‍ തോന്നിയില്ല. പഴയ ദാരിദ്ര്യത്തിന്‍റെ പാടുകള് ഇപ്പോള്‍ ആ മുഖത്തില്ല. എന്‍റെ വിശപ്പും ദാഹവും മനസ്സിലാക്കിയത് പോലെ അടുത്ത് കണ്ട വലിയൊരു ഹോട്ടെലില്‍ എന്നെയും കൂട്ടി കയറി. പച്ചപട്ടുടുത്ത സുന്ദരി ഓര്‍ഡര്‍ എടുക്കാന്‍ കാത്തുനിന്നു.  രവി എന്തെക്കെയോ ഓര്‍ഡര്‍ ചെയ്തു. വലിയ ഗ്ലാസ്സുകളില്‍ നുരഞ്ഞു പൊന്തുന്ന ബിയര്‍ തണുപ്പായി ഉള്ളിലേക്കിറങ്ങി. ലഹരിയുടെ നേര്‍ത്ത സുഖം. രവി വാചാലനായി. സ്കൂള്‍ ജീവിതം കഴിഞ്ഞതിന് ശേഷമുള്ള കഥ വിസ്തരിച്ചു തന്നെ പറഞ്ഞു. ബോംബയില്‍ എത്തിയതും, രംഭായി എന്ന കോടീശ്വരനെ പരിചയപ്പെട്ടതും, അയാള്‍ക്കുവേണ്ടി വിലപിടിച്ച സാധനങ്ങളുമായി വിദേശ യാത്രകള്‍ നടത്തുന്നതും, ഓരോ യാത്ര കഴിയുമ്പോള്‍ കയ്യില്‍ നിറയുന്ന പണവും, അതുകൊണ്ട് പണിതു കൂട്ടുന്ന കെട്ടിടങ്ങളും.... എല്ലാം വളരെ വിശദമായി തന്നെ പറഞ്ഞു. അപ്പോള്‍ ശരി തെറ്റുകളുടെ സംഹിതകള്‍ ഒന്നും  എന്‍റെ മനസ്സില്‍ കടന്നുവന്നില്ല. രവിയുടെ നേട്ടങ്ങളുടെ പട്ടിക എന്‍റെ മോഹങ്ങള്‍ക്ക് ചിറകു നല്‍കി. എന്‍റെ ദുരിതങ്ങളുടെ  മാറാപ്പു ഒഴിവാക്കുവാന്‍ സമയമായെന്ന് തോന്നി.  ഹോട്ടലിലെ മാര്‍ബിള്‍ പാകിയ ചവിട്ടു പടികള്‍ ഇറങ്ങുന്നതിന്‍ മുന്‍പ് ബോംബയ്ക്ക് പോകുവാനും രാം ഭായിയെ കാണുവാനും തീരുമാനിച്ചു കഴിഞ്ഞിരുന്നു. രവിയുടെ ഒഴുകുന്ന കാറിലിരുന്നു ഞാന്‍ നിറമുള്ള സ്വപ്‌നങ്ങള്‍ കണ്ടു, അന്ന് യാത്ര പറഞ്ഞു പിരിയുമ്പോള്‍ കുറേ പണവും ബോംബയിലെ അഡ്രസ്സും തന്നു. പിന്നെ സ്വര്‍ണ നിറമുള്ള കറുത്ത കണ്ണടയും. അതെന്‍റെ മുഖത്തിന്‌ ചേരുന്നുവെന്നു അവന്‍ പറഞ്ഞു. വീടിലേക്ക്‌ നടക്കുമ്പോള്‍ ലഹരിയില്‍ എന്‍റെ കാലുകള്‍ നിലത്തു ശരിക്കും ഉറക്കുന്നുണ്ടായിരുന്നില്ല. വെളുത്ത ആഘാഷത്തിനു ഇരുണ്ട നിറമായി തോന്നി....
റെയില്‍വേ സ്റെഷന് മുമ്പില്‍ വലിയ തിരക്ക്. തിരക്കിലും രവിയെ ഞാന്‍ തിരിച്ചറിഞ്ഞു. “ഹാഷിം, ഒന്നും പേടിക്കാനില്ല. എല്ലാം ഞാന്‍ ബോംബയ്ക്ക് വിളിച്ചുപറഞ്ഞിട്ടുണ്ട്. കൂടാതെ യാത്രയില്‍ ഇവരും നിന്റെ കൂടെ ഉണ്ട്.”  അതുപറഞ്ഞപ്പോള്‍ ആണ് അടുത്ത് നിന്നിരുന്ന മദ്ധ്യവയസ്കനെ ശ്രദ്ധിച്ചത്. മലയാളിയല്ലെന്ന്‍ മനസ്സിലായി. “ഇത് ശ്യാം സുന്ദര്‍. ബോംബയില്‍ ബിസിനസ്‌., ഭാര്യ, ലക്ഷ്മി ചേച്ചി. മലയാളിയാണ്.” വര്‍ഷങ്ങളായിട്ടു ബോംബയില്‍ തന്നെ യാണെന്ന് ലക്ഷ്മി ചേച്ചി കൂട്ടി ചേര്‍ത്തു. കൂടെ നിന്നിരുന്ന സുന്ദരിയെ ശ്രദ്ധിച്ചു. “ഇത് ഞങ്ങളുടെ ഏക മകള്‍, അഷിത”. അവളുടെ വലിയ കണ്ണുകള്‍ ശ്രദ്ധിച്ചു. എവിടെയോ കണ്ടിട്ടുണ്ട്. അഷിത എന്നെ നോക്കി ചിരിച്ചു. വര്‍ഷങ്ങളോളം ഞാന്‍ നെഞ്ചിലേറ്റി താലോലിച്ച് പിന്നീട് എന്നെന്നേക്കുമായി നഷ്ട്ടപ്പെട്ട വശ്യമായ അതേ ചിരി. അറിവ് തേടി തടിച്ചപുസ്തകങ്ങളുടെ താളുകളില്‍ എല്ലാം മറന്നിരുന്നപ്പോള്‍ നഷ്ടപ്പെട്ടത് സ്വന്തം കളിക്കൂട്ടുകാരി തന്നെയായിരുന്നു. ചെറുപ്പം മുതല്‍ക്കേ തന്‍റെതെന്നുമാത്രം മറ്റുള്ളവര്‍ പറഞ്ഞു കേട്ട ശാഹിദയെ ഒരിക്കലും നഷ്ടമാകുമെന്ന് കരുതിയതല്ല. സാമ്പത്തികമായി തകര്‍ന്നുപോയ ഒരു കുടുംബത്തിലേക്ക് മകളെ പറഞ്ഞയക്കാന്‍ അമ്മാവന് സമ്മതമില്ലാതായി. ഒരു ഡോക്ടറെ തന്നെ മരുമകനായി കിട്ടുമെന്നായപ്പോള്‍ പഴയ കഥകളും പറഞ്ഞ വാക്കുകളും മറക്കാന്‍ അമ്മാവന് ഒട്ടും പ്രയാസമുണ്ടായില്ല. മറ്റൊരാളുടെ ഭാര്യയാകുന്ന ശുഭമുഹൂര്‍ത്തത്തിന് തൊട്ടു മുമ്പത്തെ രാത്രി എങ്ങോട്ടെങ്കിലും വിളിച്ചുകൊണ്ടു പോകൂ എന്ന് ശാഹിദയും കരഞ്ഞപെക്ഷിച്ചതാണ്. ജോലിയില്ലാത്ത, കയറികിടക്കാന്‍ വീടില്ലാത്ത ഉത്തരവാദിത്തങ്ങളുടെ ഭാരവും പേറിനടക്കുന്ന ഒരുവന്‍റെ നിസ്സഹായാവസ്ഥ അവള്‍ക്ക് മനസ്സിലാകുമായിരുന്നില്ല. അവളെ സമാധാനിപ്പിക്കാന്‍ ഞാന്‍ പഠിച്ച തത്വശാസ്ത്രങ്ങള്‍ക്കൊന്നും കഴിയുമായിരുന്നില്ല. ഒടുവില്‍ ഒരു നീണ്ട മൌനത്തിന്‍റെ അന്ത്യത്തില്‍ സ്വാന്തനത്തിന്റെ ഒരു തലോടലുപോലും നല്‍കാനാവാതെ തിരിച്ചു നടക്കുമ്പോള്‍ അവളെന്നെ ശപിച്ചീട്ടുണ്ടാകാം.......
തീവണ്ടിയുടെ നീണ്ട ചൂളം വിളിയില്‍ പരിസരം ശബ്ദായാനമായി. യാത്രക്കാര്‍ വണ്ടിക്കകത്ത് കയറിപറ്റാന്‍ തിരക്ക് കൂട്ടുകയാണ്. ഞങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള ബോഗിയുടെ നമ്പര്‍ തൊട്ടടുത്ത്‌ തന്നെ കണ്ടു. ഞങ്ങള്‍ വണ്ടിയില്‍ കയറി.വണ്ടി പുറപ്പെടുന്നതിനു മുമ്പ് രവി യാത്ര പറഞ്ഞു. വണ്ടി പതുക്കെ മുമ്പോട്ട് നീങ്ങുകയാണ്. ശ്യാം സുന്ദര്‍ തന്‍റെ കേരളയാത്രയിലെ അനുഭവങ്ങളെ കുറിച്ച് വാചാലനായി. ലക്ഷ്മിചേച്ചി പകര്‍ന്നു തന്ന ചായയും  ശ്യാം സുന്ദറിന്‍റെ തമാശകളും, അഷിതയുടെ പൊട്ടിച്ചിരികളും ഒക്കെ യായി യാത്ര തുടരുമ്പോള്‍ മനസ്സ് നിറയെ പിറക്കാനിരിക്കുന്ന പുതിയ പ്രഭാതത്തിന്‍റെ പ്രതീക്ഷകളായിരുന്നു..........

                                              
പത്തു വര്‍ഷങ്ങളോളം പിന്നിട്ട, ഞാനിപ്പോള്‍ ഇരിക്കുന്നത് ഏതോ മായികലൊകത്തീലാണെന്നു തോന്നുന്നു. കണ്ണഞ്ചിപ്പിക്കുന്ന കണ്ണാടി കൊട്ടാരം. നിലവും കണ്ണാടി പോലെ തിളങ്ങുന്നു. പല തട്ടുകളുള്ള കൊട്ടാരത്തിന്‍റെ ഒരു തട്ടില്‍ നിന്നും മറ്റൊരു തട്ടിലേക്ക് ആളുകള്‍ ഒഴുകുകയാണ്. പുറത്ത് കൂറ്റന്‍ വിമാനങ്ങള്‍ ചിറകുവിടര്‍ത്തി നില്‍ക്കുന്നു. അതിലൊന്നില്‍ ഞാനും കയറും, അതെന്നേയും കൊണ്ട് പറക്കും,എന്‍റെ നാട്ടിലേക്ക്..... എന്‍റെ പ്രിയപ്പെട്ട നാട്ടിലേക്ക്.  ദൂരേക്ക് കണ്ണും നട്ട് അവരെന്നെ കാത്തിരിക്കുകയാവും എന്‍റെ ഉമ്മയും പെങ്ങമ്മാരും........ നിദാന്തമായ കാത്തിരിപ്പ്......അഷിതയും ശ്യാം സുന്ദരുമൊക്കെ എന്നെ മറന്നു കാണും......
മണിക്കൂറുകളോളം നീണ്ട തീവണ്ടിയാത്ര അവസാനിക്കുന്നതിന് മുമ്പ് അഷിത എന്‍റെ ആരൊക്കെയോ ആയിത്തീര്‍ന്നീട്ടുണ്ടായിരുന്നു. ആ കണ്ണുകളില്‍ ഏതോ ജന്മാന്തര സ്നേഹത്തിന്‍റെ തെളിച്ചമുണ്ടായിരുന്നു. നഷ്ടപ്പെട്ടുപോയ ഒരു സുന്ദര സ്വപ്നം തിരിച്ചു കിട്ടിയത് പോലെയായിരുന്നു...... എല്ലാ ഓര്‍മകളും സ്വപ്നങ്ങളും ഇവിടെ ഇരുണ്ട തടവറയില്‍ വീണുടഞ്ഞു. ചാട്ടവാര്‍ അടിയേറ്റ് ശരീരത്തില്‍ വ്രണങ്ങള്‍ പഴുത്തപ്പോള്‍ കുടുംബത്തിന്‍റെ ദുരവസ്ഥയോര്‍ത്തു ഉള്ളം വെന്തെരിഞ്ഞപ്പോള്‍ ഒരു സ്വാന്ത്വനമായി ആ കണ്ണുകളുടെ ഓര്‍മകളുണ്ടായിരുന്നുവോ?......... രാംബായി സമ്മാനിച്ച ബാഗുമായി സമ്പന്നതയിലെക്കുള്ള ആദ്യ യാത്ര തന്നെ കാരാഗൃഹത്തിലവസാനിച്ചപ്പോള്‍ തകര്‍ന്നുപോയ ജീവിതങ്ങളെ കുറിച്ചോര്‍ത്തു കരയുവാന്‍ കണ്ണുനീര്‍ പോലും ബാക്കിയുണ്ടായിരുന്നില്ല. അനിശ്ചിതവും അനന്തവുമായ തടവില്‍ നിന്നുമുള്ള മോചനം ഒരു സ്വപ്നം പോലുമായിരുന്നില്ല. തടവറയിലെ ഏകാന്ത ദിനങ്ങളില്‍ വയ്ക്കുവാന്‍ കിട്ടിയ ഏക ഗ്രന്ഥം ഹൃദയ വേദനയിലൂടെ എപ്പോഴോ മനപ്പാOമായപ്പോള്‍ അപ്രതീക്ഷിതമായി വീണുകിട്ടിയ സൌഭാഗ്യമാണ് ഈ മോചനം.  കൈവിലങ്ങുകള്‍ അഴിച്ച് സ്വാതന്ത്ര്യത്തിലേക്കുള്ള ഈ കവാടത്തിനരികില്‍ കൊണ്ടുവന്നാക്കിയത്തിനു ശേഷം മാത്രമാണ് മോചനം യാഥാര്‍ത്യമാണെന്ന് തോന്നിയത്. ആദ്യ യാത്രക്ക് വാങ്ങിയ കോട്ട് മെലിഞ്ഞ ശരീരത്തില്‍ ചേര്‍ച്ചയില്ലാതെ തൂങ്ങികിടക്കുന്നു. കീശയില്‍ രവി സമ്മാനിച്ച കറുത്ത കണ്ണട. ഞാനത് വെറുതെ കണ്ണില്‍ വച്ചു. പ്രകാശത്തില്‍ ജ്വലിച്ചു നിന്ന കൊട്ടാരം ഇരുട്ടിലാണ്ടു. വീര്‍പ്പുമുട്ടിക്കുന്ന ഇരുട്ട്. പെട്ടെന്ന്‍ കണ്ണട ഞാനെടുത്തുമാറ്റി. പ്രകാശം തിരിച്ചെത്തി. വിമാനത്തില്‍ കയറുവാനുള്ള അറിയിപ്പും കിട്ടി. മറ്റുള്ളവരോടൊപ്പം ഞാനും എഴുന്നേറ്റു. പുറത്തേക്കുള്ള കവാടം കടക്കുന്നതിന് മുമ്പ് കറുത്ത കണ്ണട മൂലയില്‍ കണ്ട വേസ്റ്റ് കോട്ടയിലേക്കെറിഞ്ഞ് പ്രകാശത്തിന്‍റെ വഴിയിലേക്ക് ഞാന്‍ കടന്നു.......മറ്റൊരു യാത്രയുടെ തുടക്കം........
-----------------------------------------------------------------------------------------------------------------------